🔰 ശക്തമായ മഴ; കൊല്ലം മുതല്‍ കാസര്‍ഗോഡ് വരെ യെല്ലോ അലര്‍ട്ട് 🔰

 ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. കൂടുതല്‍ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി. 13 ജില്ലകളിലാണ് നിലവില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

13-09-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

14-09-2021: കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്

അടുത്ത 12 മണിക്കൂറില്‍ വടക്ക്- അതിനോടു ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ഒഡിഷ, വെസ്റ്റ് ബംഗാള്‍, വടക്കന്‍ ആന്ധ്രാ പ്രദേശ് തീരങ്ങള്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 70 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ഇന്ന് മധ്യ കിഴക്കന്‍ അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളില്‍ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനാണ് സാധ്യത. വെള്ളിയാഴ്ച വരെ തെക്ക് – പടിഞ്ഞാറന്‍, മധ്യ – പടിഞ്ഞാറന്‍ അറബിക്കടലിലും സമാനമായ കാലവസ്ഥയായിരിക്കും.

🔰 പാനൂര്‍ മന്‍സൂര്‍ വധക്കേസ്: 10 പ്രതികള്‍ക്ക് ജാമ്യം, കണ്ണൂരില്‍ പ്രവേശിക്കരുതെന്ന് കോടതി🔰

🔘 കണ്ണൂര്‍ പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധ കേസിലെ 10 പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ഷിനോസ് അടക്കമുള്ള സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കാണ് ജാമ്യം ലഭിച്ചത്. പ്രതികള്‍ കോടതി ആവശ്യങ്ങള്‍ക്ക് ഒഴികെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന് അടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

പതിനഞ്ചാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ദിവസം ഏപ്രില്‍ ആറിന് രാത്രിയാണ് പുല്ലൂക്കര സ്വദേശി മന്‍സൂറിനെ സിപിഎം പ്രവ‍ര്‍ത്തകര്‍ കൊലപ്പെടുത്തിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ ബൂത്ത് ഏജന്‍റായിരുന്ന മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിനെ ലക്ഷ്യം വച്ചുള്ള ആക്രമണാണ് കൊലപാതകത്തില്‍ കലാശിച്ചത്.

ബോംബേറില്‍ ഇടത് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റ മന്‍സൂറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കണ്ടെത്തല്‍.

കൊലപാതകം നടന്ന സ്ഥലത്ത് നിന്നാണ് ഒന്നാം പ്രതിയെ പിടികൂടുന്നത്. ഷിനോസ് എന്ന ആളുടെ ഫോണില്‍ നിന്നാണ് മറ്റുള്ള പ്രതികളെ കുറിച്ച്‌ നിര്‍ണായക തെളിവ് കിട്ടിയത്. ലോക്കല്‍ പൊലീസില്‍ നിന്നും ക്രൈബ്രാഞ്ച് ഏറ്റെടുത്ത കേസില്‍ പ്രതികളെ ഒന്നൊന്നായി പിടികൂടി. ഇതിനിടെ രണ്ടാം പ്രതി രതീഷിനെ കോഴിക്കോട് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതും വലിയ വിവാദമായിരുന്നു.

വാട്സാപ്പിലൂടെ പ്രതികള്‍ നടത്തിയ ഗൂഢാലോചന ക്രൈംബ്രാഞ്ച് കണ്ടെത്തി. പതിനൊന്ന് പേരുള്ള പ്രതി പട്ടിയില്‍ ഒമ്പത് പേരാണ് ജയിലുളളത്. ജാബിര്‍ ഇപ്പോഴും ഒളിവിലാണ്.

Create your website with WordPress.com
Get started