കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വ്യാപക പരിശോധന; മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും ആയുധങ്ങളും കുഴിച്ചിട്ട നിലയില്‍

കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നടത്തിയ വ്യാപക പരിശോധനയില്‍ മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും പവര്‍ ബാങ്കുകളും കണ്ടെത്തി. മഴു, കത്തികള്‍ തുടങ്ങിയ ആയുധങ്ങളും കണ്ടെടുത്തു. ജയില്‍ പരിസരത്ത് കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെടുത്തത്.

ജയില്‍ പരിസരം കിളച്ച്‌ നടത്തിയ പരിശോധനയിലാണ് തടവുകാര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ആയുധങ്ങളടക്കം പിടിച്ചെടുത്തത്. ജയിലില്‍ വ്യാപകമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് ജയില്‍ ഡിജിപി സംസ്ഥാനത്തെ ജയിലുകളില്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പരിശോധന നടത്തിയപ്പോഴാണ് മൊബൈല്‍ ഫോണുകളും ആയുധങ്ങളും കണ്ടെടുത്തത്.

Advertisement

രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് പവര്‍ ബാങ്കുകളും അഞ്ച് മൊബൈല്‍ ചാര്‍ജറുകളും പിടിച്ചെടുത്തത്. കഴിഞ്ഞ ഒരാഴ്ച ജയിലിനുള്ളിലാണ് പരിശോധന നടത്തിയത്. ഈ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ശനിയാഴ്ച രാത്രി ജയില്‍ സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തില്‍ ജയില്‍ വളപ്പില്‍ വ്യാപകമായി പരിശോധന നടത്തിയപ്പോഴാണ് ആയുധങ്ങളും മൊബൈല്‍ ഫോണുകളും കണ്ടെത്തിയത്. മൂന്ന് സംഘമായി 45 ജയില്‍ ജീവനക്കാരാണ് പരിശോധനയില്‍ പങ്കെടുത്തത്. കാലാകാലങ്ങളായി സൂക്ഷിച്ച ആയുധങ്ങളെന്നാണ് പ്രാഥമിക നിഗമനം. ജയില്‍ വളപ്പില്‍ കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, പിടിച്ചെടുത്ത മൊബൈലുകളില്‍ സിംകാര്‍ഡുകള്‍ ഇല്ലെന്നാണ് വിവരം. ചില തടവുകാര്‍ മൊബൈല്‍ ഒരിടത്തും സിംകാര്‍ഡ് മറ്റൊരിടത്തുമാണ് സൂക്ഷിക്കാറുള്ളത്. അതിനാല്‍, സിം കാര്‍ഡുകള്‍ കണ്ടെത്താനുള്ള പരിശോധന തുടരുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് മൊബൈല്‍ ഫോണുകളും സിം കാര്‍ഡുകളും പിടിച്ചെടുത്തിരുന്നു. ജയിലില്‍നിന്ന് പുറത്തേക്ക് വ്യാപകമായി കോളുകള്‍ പോവുന്നതായും ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജയിലില്‍നിന്ന് നിര്‍ദേശം നല്‍കുന്നതായും റിപോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലും പരിശോധന നടത്തിയത്.

‘ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും’; ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി

തിരുവനന്തപുരം: സ്കൂള്‍ തുറക്കാന്‍ ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

എല്ലാ ക്ലാസുകളിലും മാസ്ക് നിര്‍ബന്ധമാക്കും. ബസ് ഉള്‍പ്പടെ അണുവിമുക്തമാക്കും. ബസില്ലാത്ത സ്കൂളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തും. സമാന്തരമായി ഓണ്‍ലൈന്‍ ക്ലാസുകളും നടക്കും. വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദുരീകരിക്കുമെന്നും അധ്യാപക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.

Advertisement

സ്കൂള്‍ തുറക്കുന്നത് സംബന്ധിച്ച്‌ രണ്ട് ദിവസത്തിനകം ഉദ്യോഗസ്ഥതല ചര്‍ച്ച നടത്തുമെന്ന് ‌മന്ത്രി അറിയിച്ചു. വിദ്യാഭ്യാസവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.

കണ്ണൂർ സ്‌പെഷ്യല്‍ ജയിലില്‍ കൊയ്‌ത്തുത്സവം

കണ്ണൂർ : കണ്ണൂര്‍ സ്‌പെഷ്യല്‍ ജയിലിനകത്തെ ഒരേക്കറില്‍ കരനെല്‍കൃഷി വിളവെടുത്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി പി ദിവ്യ ഉദ്‌ഘാടനം ചെയ്‌തു.

ജൂണിലാണ്‌ കൃഷി തുടങ്ങിയത്‌. ജയ നെല്‍വിത്താണ്‌ വിതച്ചത്‌. കളപറിക്കല്‍, നിലമൊരുക്കല്‍, വിത്തിടല്‍ തുടങ്ങിയ പ്രവൃത്തികളെല്ലാം റിമാന്‍ഡ്‌ തടവുകാരാണ്‌ ചെയ്‌തത്‌. മൂന്ന്‌ ഏക്കറില്‍ മഴക്കാല പച്ചക്കറി കൃഷിയുമുണ്ട്‌. വിളവെടുത്ത അരി തടവുകാരുടെ ഭക്ഷണത്തിന്‌ ഉപയോഗിക്കും. കഴിഞ്ഞ വര്‍ഷത്തെ വിളവെടുപ്പില്‍ 600 കിലോ അരി ലഭിച്ചു.

കൃഷി വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ വി ലത, സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്‌ റോമിയോ ജോണ്‍, പുഴാതി കൃഷി ഓഫീസര്‍ അജേഷ്‌, സ്‌പെഷ്യല്‍ ജയില്‍ സൂപ്രണ്ട്‌ ടി കെ ജനാര്‍ദനന്‍ എന്നിവര്‍ പങ്കെടുത്തു.

ശ്രീകണ്ഠപുരത്ത് കോവിഡ് ബാധിച്ച്‌ പുറത്തിറങ്ങാന്‍ ശ്രമം; വീട്ടുകാര്‍ തടഞ്ഞപ്പോള്‍ മധ്യവയസ്‌കന്‍ ബ്ലേഡ് കൊണ്ട് കഴുത്തുമുറിച്ചു

ശ്രീകണ്ഠപുരം: കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്ന് വീടിന് പുറത്തിറങ്ങരുതെന്ന് ബന്ധുക്കള്‍ പറഞ്ഞതോടെ മധ്യവയസ്‌കന്‍ ബ്ലേഡ് കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിച്ചു. ശ്രീകണ്ഠപുരം പൊടിക്കളത്തെ 59 കാരനാണ് കടുംകൈക്ക് ശ്രമിച്ചത്.

കഴിഞ്ഞ 15ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയായിരുന്നു. എന്നാല്‍, പുകവലി ശീലമുള്ളതിനാല്‍ ഇതിനായി പുറത്തിറങ്ങാന്‍ ഇയാള്‍ ശ്രമിക്കുകയായിരുന്നു.

Advertisement

വീ​ട്ടു​കാ​ര്‍ ഇ​ത് വി​ല​ക്കി. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ​ത്രെ ഇ​ദ്ദേ​ഹം ക​ഴു​ത്തി​ല്‍ ബ്ലേ​ഡ് കൊ​ണ്ട് മു​റി​വേ​ല്‍പ്പി​ച്ച​ത്. വീ​ട്ടു​കാ​ര്‍ ഉ​ട​ന്‍ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച ശേ​ഷം പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച്‌ ചി​കി​ത്സ ന​ല്‍കി.

വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍; 22-കാരിയടക്കം ആറ് പേര്‍ കസ്റ്റഡിയില്‍

എറണാകുളം: കാലടിയില്‍ നിന്ന് വന്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടി. മധ്യപ്രദേശ് സ്വദേശിനി ഉള്‍പ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് നടപടി.

പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരായ എറണാകുളം മൂക്കന്നൂര്‍ സ്വദേശി എബിന്‍, വേങ്ങൂര്‍ സ്വദേശി നോയല്‍, പയ്യനൂര്‍ സ്വദേശി ധനേഷ്, രായമംഗലം സ്വദേശി സുധീഷ്, ഇടപാടുകാരനായ കൊല്ലം പവിത്രേശ്വരം സ്വദേശി ജഗന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 22 കാരിയായ മധ്യപ്രദേശ് സ്വദേശിനിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement

മറ്റൂര്‍ എയര്‍പോര്‍ട്ട് റോഡിലെ ഗ്രാന്‍ഡ് റസിഡന്‍സിയില്‍ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയത്. ഗ്രാന്‍റ് റസിഡന്‍സി കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം സംഘം പ്രവര്‍ത്തിക്കുന്നതായുള്ള വിവരം പൊലീസിന് കിട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് ദിവസങ്ങളായി ലോഡ്ജ് പൊലീസ് നിരീക്ഷണത്തിലായിരുന്നു.

പന്ത്രണ്ടായിരം രൂപയാണ് സംഘം ഇടപാടുകാരില്‍ നിന്ന് വാങ്ങിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ സുധീഷും, ധനീഷും ലോഡ്ജ് നടത്തിപ്പുകാര്‍ കൂടിയാണ്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നും ഇടപാടുകാരെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് തേടുന്നുണ്ട്. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആലുവ എസ്പി അറിയിച്ചു.

മുക്കുപണ്ട തട്ടിപ്പ്: ജ്വല്ലറിയില്‍ പൊലീസ് പരിശോധന

തളിപ്പറമ്പ് : പഞ്ചാബ് നാഷനല്‍ ബാങ്ക് തളിപ്പറമ്പ് ശാഖയില്‍ നടന്ന മുക്കുപണ്ട പണയതട്ടിപ്പുമായി ബന്ധപ്പെട്ട് ജ്വല്ലറിയില്‍ പൊലീസ് പരിശോധന നടത്തി. ആത്മഹത്യ ചെയ്ത ബാങ്ക് അപ്രൈസര്‍ ടി.വി. രമേശന് ഓഹരിയുള്ള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ജ്വല്ലറിയിലാണ് പരിശോധന നടത്തിയത്.

തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്കുമാറിെന്‍റ നേതൃത്വത്തിലായിരുന്നു പരിശോധന. മുക്കുപണ്ട പണയ തട്ടിപ്പുമായി സ്ഥാപനത്തിന് ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷിച്ചത്. ശനിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു ജ്വല്ലറിയില്‍ പരിശോധന നടത്തിയത്.

കോവിഡ് കാലത്ത് കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചെടുത്തത് 76 കിലോ സ്വര്‍ണം

മട്ടന്നൂര്‍: കോവിഡ് കാലത്ത് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം വഴി കടത്തവെ പിടികൂടിയത് 38 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണം. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച 2020 മാര്‍ച്ച്‌ 24 മുതല്‍ 2021 സെപ്റ്റംബര്‍ 17 വരെയായി 76 കിലോയിലധികം സ്വര്‍ണമാണു പിടികൂടിയത്.

122 കേസുകളും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്തു. കോവിഡിനെ തുടര്‍ന്ന് പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്ന ചാര്‍ട്ടേഡ് വിമാനങ്ങളിലും സ്വര്‍ണക്കടത്ത് നടത്തി. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ വിമാനസര്‍വീസുകളുടെ എണ്ണം കുറഞ്ഞതോടെ സ്വര്‍ണക്കടത്തും കുറഞ്ഞിരുന്നു. വന്‍കിട സ്വര്‍ണക്കടത്ത് സംഘങ്ങളുടെ കാരിയര്‍മാരാണ് പിടിയിലാകുന്നവരില്‍ മിക്കവരും.

എന്നാല്‍ ആര്‍ക്കുവേണ്ടിയാണ് സ്വര്‍ണം കൊണ്ടുവരുന്നതെന്ന് പലപ്പോഴും ഇവര്‍ അറിയാറില്ല. നാട്ടിലെത്തിയ ശേഷം സ്വര്‍ണം മറ്റൊരാള്‍ക്ക് കൈമാറും. ശരീരത്തിലും വൈദ്യുതോപകരണങ്ങളിലും മറ്റും ഒളിപ്പിച്ചാണ് മിക്കവരും സ്വര്‍ണം കടത്തുന്നത്.

ഒപ്പമുള്ള കുട്ടിയുടെ ഡയപ്പറില്‍ ഒളിപ്പിച്ചു വരെ സ്വര്‍ണം കടത്താന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ശ്രമം നടന്നിരുന്നു. ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം പിടിക്കപ്പെട്ടാല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. ഇതൊഴിവാക്കാന്‍ ഇതില്‍ കുറഞ്ഞ അളവിലാണ് മിക്കപ്പോഴും സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നത്.

ജില്ലയിൽ ഇന്ന് സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

കണ്ണൂർ : ജില്ലയില്‍ ഞായര്‍ (സപ്തംബര്‍ 19) മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കൊവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും.

പയ്യന്നൂര്‍ ബോയ്സ് സ്‌കൂള്‍, പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം, മട്ടന്നൂര്‍ വയോജന വിശ്രമകേന്ദ്രം, അയിത്തറ മമ്പറം സബ്സെന്റര്‍, മുഴക്കുന്ന് നല്ലോര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും,

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12.30 വരെയും, കരിക്കോട്ടക്കരി പാരിഷ് ഹാളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയുമാണ് പരിശോധന.

പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

‘പയ്യാമ്പലം സ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ ബന്ധുക്കള്‍ നല്‍കുന്ന സാധനങ്ങള്‍ ജീവനക്കാര്‍ മോഷ്ടിക്കുന്നു’; പരാതി

കണ്ണൂര്‍: പയ്യാമ്പലം സ്മശാനത്തില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരെ സംസ്കരിക്കാനായി ബന്ധുക്കള്‍ വാങ്ങി നല്‍കുന്ന നെയ്യുള്‍പെടെയുള്ള സാധനങ്ങള്‍ ജീവനക്കാര്‍ മോഷ്ടിക്കുന്നതായി പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ മോഷണം തെളിഞ്ഞാല്‍ ജീവനക്കാരെ പുറത്താക്കുമെന്ന് കോ‍ര്‍പറേഷന്‍ മേയര്‍ വ്യക്തമാക്കി.

രാകേഷിന്റെ ബന്ധുവിന്റെ സംസ്കാരം ഇന്നലെ വൈകിട്ടാണ് പയ്യാമ്പലം സ്മശനാത്തില്‍ നടന്നത്. പശുവിന്‍ നെയ്യും എള്ളെണ്ണയും രാമച്ചവും ഉള്‍പെടെ ജീവനക്കാര്‍ പറഞ്ഞ സാധനങ്ങളെല്ലാം വാങ്ങി നല്‍കി. ഈ സാധനങ്ങള്‍ സംസ്കാരത്തിന് ഉപയോഗിക്കാതെ ജീവനക്കാര്‍ തന്നെ കൈക്കലാക്കുകയാണെന്ന സംശയം തോന്നിയ നാട്ടുകാര്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ് പോകവെ ഇവരെ വാഹനം നിര്‍ത്തിച്ച്‌ പരിശോധിച്ചു. നെയ്യും എള്ളെണ്ണയും ഉള്‍പെടെയുള്ളവ വണ്ടിയില്‍ നിന്നും കിട്ടി.

സാധനങ്ങള്‍ മോഷ്ടിച്ച ജീവനക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കി. ആക്ഷേപം നേരിടുന്നവരെ മൃതദേഹം സംസ്കരിക്കുന്ന ചുമതലയില്‍ നിന്ന് ഒഴിവാക്കിയെന്നും, മോഷണക്കുറ്റം തെളിഞ്ഞാല്‍ ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അറിയിച്ചു. കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികളാണ് പയ്യാമ്പലത്ത് ശവസംസ്കാരം നടത്തുന്നത്.

സ്വകാര്യ ലാബുകളില്‍ ഇനി ആന്റിജന്‍ പരിശോധന ഇല്ല; അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം പരിശോധന

സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനം. ആദ്യ ഡോസ് വാക്സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് ഇത്. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാവും ഇനി ആന്റിജന്‍ പരിശോധന നടത്തുക. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

65 വയസിനു മുകളിലുള്ള വാക്സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിന്‍ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്തും. വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് മരണ നിരക്ക് കൂടുതലെന്നതിനാല്‍ പൊതു ബോധവത്കരണ നടപടികള്‍ ശക്തമാക്കും.

പ്രതിവാര രോഗ നിര്‍ണയ നിരക്ക് പത്ത് ശതമാനത്തില്‍ കൂടുതലുള്ള വാര്‍ഡുകളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. നിലവില്‍ ഇത് എട്ട് ശതമാനമായിരുന്നു. ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ആര്‍ആര്‍ടികള്‍, അയല്‍പക്ക സമിതികള്‍ എന്നിവരെ ഉപയോഗിച്ച്‌ സമ്പര്‍ക്ക വിലക്ക് ഉറപ്പാക്കണം. രോഗലക്ഷണമില്ലാത്തവര്‍ പരിശോധന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം.

Create your website with WordPress.com
Get started