ഏരിയ നേതൃത്വവുമായി ഉടക്കിയ തായത്തെരു സഖാക്കള്‍ സി.പി.എമ്മില്‍ നിന്ന് പുറത്തേക്ക്

കണ്ണൂര്‍: ഏരിയ നേതൃത്വവുമായി ഉടക്കി കണ്ണൂര്‍ നഗരത്തില്‍ സി.പി.എമ്മില്‍നിന്ന് ഒരു വിഭാഗം പുറത്തേക്ക്. കണ്ണൂര്‍ വെസ്റ്റ് മുന്‍ ലോക്കല്‍ സെക്രട്ടറി സി.എം. ഇര്‍ഷാദ്, തായത്തെരു സെന്‍ട്രല്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി പി.കെ. ഷംസീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിരവധി പേര്‍ പാര്‍ട്ടി വിട്ടത്. തായത്തെരു സഖാക്കള്‍ എന്നു വിശേഷിപ്പിക്കുന്ന ഇവര്‍ പാര്‍ട്ടി മെംബര്‍ഷിപ്പില്‍നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കി.

പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ച്‌ തായത്തെരുവിലും പരിസരങ്ങളിലും നിരവധി ഫ്ലക്സ് ബോര്‍ഡുകളും ബാനറുകളും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. ‘പണ്ടേ ചുവന്നതല്ല ഈ മണ്ണ്. ഞങ്ങള്‍ പൊരുതി ചുവപ്പിച്ചതാണ് ഈ മണ്ണ്. അടിമയായി ജീവിക്കുന്നതിലും ഭേദം പൊരുതി മരിക്കുന്നതാണ് -തായത്തെരു സഖാക്കള്‍’ എന്നിങ്ങനെയാണ് ബോര്‍ഡുകളിലെ വാചകങ്ങള്‍. ചൊവ്വാഴ്ച രാത്രിയാണ് ബോര്‍ഡുകള്‍ പ്രതൃക്ഷപ്പെട്ടത്.

ഏരിയ നേതൃത്വത്തിന്റെ പല നടപടികളെയും തായത്തെരു സഖാക്കള്‍ ചോദ്യം ചെയ്തിരുന്നു. അതിനെ അടിച്ചമര്‍ത്തുന്ന സമീപനമാണ് നേതൃത്വത്തില്‍നിന്നുണ്ടായത്. അതാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലേക്ക് നയിച്ചത്. മുസ്ലിം ലീഗ് സ്വാധീന കേന്ദ്രമായ കണ്ണൂര്‍ സിറ്റിയില്‍ സി.പി.എമ്മിന് സ്വാധീനമുള്ള പ്രദേശമാണ് തായത്തെരു. ഇവിടെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ പാര്‍ട്ടി വിടുന്നത് സി.പി.എമ്മിന് കനത്തപ്രഹരമാണ്.