സഹകരണ ബാങ്ക് കേന്ദ്രീകരിച്ച്‌ മുക്കുപണ്ട പണയ തട്ടിപ്പ്: കണ്ണൂര്‍ മഞ്ചേരി സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂരില്‍ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച്‌ എട്ടു പവന്റെ മുക്കുപണ്ട പണയ തട്ടിപ്പ് നടത്തിയ കേസില്‍ കണ്ണൂര്‍ മഞ്ചേരി സ്വദേശികളായ രണ്ടു പേരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് അറസ്റ്റു ചെയ്തു

കഴിഞ്ഞ സെപ്റ്റംബര്‍ ഒന്‍പതിന് ചൊവ്വ സഹകരണ ബാങ്കില്‍ നാലു പവനും കഴിഞ്ഞ ദിവസം എളയാവൂര്‍ സഹകരണ ബാങ്കി ലുമാണ് ഇവര്‍ സ്വര്‍ണപ്പണയ തട്ടിപ്പ് നടത്തിയത്.

മഞ്ചേരി മുല്ലപ്രയിലെ കെ.എസ് റിജേഷ് (40) ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള നിധീഷ് (44) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൂട്ടുപ്രതിയായ സിദ്ദിഖ് എന്നയാളെ പിടികിട്ടാനുണ്ട്. പ്രതികള്‍ കഴിഞ്ഞ കുറെക്കാലമായി മേലെചൊവ്വ വാട്ടര്‍ ടാങ്കിനു സമീപത്തു താമസിച്ചു വരികയായിരുന്നു.

ബാങ്ക് സെക്രട്ടറിമാര്‍ നല്‍കിയ പരാതിയില്‍ കണ്ണുര്‍ എസ്.എച്ച്‌.ഒ ശ്രീജിത്ത് കോടേരി നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവരെ ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.