സംസ്‌ഥാനത്ത് കനത്തമഴ 16 വരെ; പ്രളയമുന്നറിയിപ്പ്‌

തിരുവനന്തപുരം : സംസ്‌ഥാനത്തു കനത്തമഴ തുടര്‍ന്നാല്‍ വീണ്ടും പ്രളയസാധ്യതയെന്നു കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ്‌. 16 വരെ മഴ തുടരുമെന്നാണു കേന്ദ്ര കാലാവസ്‌ഥാവകുപ്പിന്റെ അറിയിപ്പ്‌. ഇന്ന്‌ തിരുവനന്തപുരമൊഴികെഎല്ലാ ജില്ലകള്‍ക്കും ജാഗ്രതാനിര്‍ദേശമുണ്ട്‌. ഒന്‍പത്‌ ജില്ലകളില്‍ ഓറഞ്ച്‌ അലെര്‍ട്ടും നാല്‌ ജില്ലകളില്‍ യെലോ അലെര്‍ട്ടുമാണ്‌.

തെക്കന്‍ജില്ലകളില്‍ കനത്തമഴയ്‌ക്കു കാരണമായ കാറ്റ്‌ വടക്കന്‍ ജില്ലകളിലും ശക്‌തിപ്രാപിച്ചു. അറബിക്കടലിലെ ചക്രവാതച്ചുഴി രണ്ടുദിവസംകൂടി നിലനില്‍ക്കാനാണു സാധ്യത. ഇതിനൊപ്പം മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന്‌ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യതയും സ്‌ഥിതി സങ്കീര്‍ണമാക്കും. മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്‌ന്നപ്രദേശങ്ങള്‍, നദീതീരങ്ങള്‍, മലയോരമേഖലകള്‍ എന്നിവിടങ്ങളില്‍ അതീവജാഗ്രതാനിര്‍ദേശമുണ്ട്‌.

വടക്കന്‍ജില്ലകളില്‍ ഉള്‍പ്പെടെ കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. ഏതു സാഹചര്യവും നേരിടാന്‍ പോലീസിനു ഡി.ജി.പി. അനില്‍കാന്ത്‌ അടിയന്തരനിര്‍ദേശം നല്‍കി.
കേരളം, കര്‍ണാടക, തമിഴ്‌നാട്‌ സംസ്‌ഥാനങ്ങളില്‍ ആറ്‌ നദികള്‍ കരകവിഞ്ഞ്‌ പ്രളയത്തിനു സാധ്യതയുണ്ടെന്നാണു കേന്ദ്ര ജല കമ്മിഷന്റെ മുന്നറിയിപ്പ്‌. കേരളത്തില്‍ പെയ്‌തത്‌ അതിതീവ്രമഴയെന്നാണു കേന്ദ്ര കാലാവസ്‌ഥാവകുപ്പിന്റെ വിലയിരുത്തല്‍.
പശ്‌ചിമഘട്ടമലനിരകളില്‍ മൂന്നുദിവസത്തേക്കു രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായും മത്സ്യബന്ധനത്തില്‍നിന്നു വിട്ടുനില്‍ക്കണമെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു.

ഓറഞ്ച്‌ അലെര്‍ട്ട്‌

◼ ഇന്ന്‌: എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌.
◼ നാളെ: തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌.
◼ 15-ന്‌: പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌

യെലോ അലെര്‍ട്ട്‌

◼ ഇന്ന്‌: ആലപ്പുഴ, കോട്ടയം.
◼ നാളെ: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്‌.
◼ 15-ന്‌: കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്‌.
◼ 16-ന്‌: ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്‌, വയനാട്‌, കണ്ണൂര്‍, കാസര്‍ഗോഡ്‌.