സമൂഹ മാധ്യമങ്ങളില്‍ അപവാദ പ്രചാരണം: ജില്ല പൊലീസ് മേധാവിക്ക് കൗണ്‍സിലറുടെ പരാതി

ശ്രീകണ്ഠപുരം: സമൂഹ മാധ്യമങ്ങളില്‍ നിരന്തരം അധിക്ഷേപിക്കുന്നതിനെതിരെ ശ്രീകണ്ഠപുരം നഗരസഭയിലെ 14ാം വാര്‍ഡ് കൗണ്‍സിലര്‍ യൂത്ത് കോണ്‍ഗ്രസ് നേതാവായ വിജില്‍ മോഹനന്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കി.

കഴിഞ്ഞയാഴ്ച പൊടിക്കളം – മടമ്പം – പാറക്കടവ് റോഡിലെ കുഴികളടച്ചതുമായി ബന്ധപ്പെടുത്തി സാമ്പത്തിക ക്രമക്കേടുകള്‍ ഉള്‍പ്പെടെ ആരോപിച്ചു കാവുമ്പായി സഖാക്കള്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

റോഡുപണിയുടെ പേരില്‍ പണപ്പിരിവ് നടത്തി എന്നതായിരുന്നു പ്രധാന ആരോപണം. അതിനെ തുടര്‍ന്ന് കൗണ്‍സിലറുടെ പേരും ഫോട്ടോയും ഉപയോഗിച്ച്‌ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാനും ശ്രമം നടന്നിട്ടുണ്ട്. രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് ജില്ല പൊലീസ് മേധാവിക്കും ശ്രീകണ്ഠപുരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കും പരാതി നല്‍കിയത്.