തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം; കണ്ണൂരില്‍ കടയില്‍ കയറി സെയില്‍സ്‌മാനെ മര്‍ദ്ദിക്കുകയും കട അടിച്ച്‌ തകര്‍ക്കുകയും ചെയ്യ്ത സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കണ്ണൂര്‍: തുണിക്കടയില്‍ കയറി യുവാക്കളുടെ ആക്രമണം. അഞ്ചംഗ സംഘം സെയില്‍സ്‌മാനെ മര്‍ദ്ദിക്കുകയും കട അടിച്ച്‌ തകര്‍ക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നു. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള ടെസ്‌ക് മെന്‍സ് വെയര്‍ റെഡിമെയ്‌ഡ്‌ കടയിലാണ് സംഭവം.

സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഒരു സംഘം യുവാക്കളെത്തി റെഡിമെയ്‌ഡ്‌ ഷോപ്പ് അടിച്ച്‌ തകര്‍ത്ത് സെയില്‍സ്‌മാന്‍ റഹീമിനെ മര്‍ദ്ദിക്കുകയായിരുന്നു. വൈകിട്ട് തൊട്ടടുത്ത കടയിലെ ജീവനക്കാരന്‍ അജ്‌മലുമായി ഉണ്ടായ വാക്ക് തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വാക്കു തര്‍ക്കത്തിന് പിന്നാലെ പുറത്ത് നിന്ന് ആളെ വിളിച്ച്‌ കൂട്ടി വന്ന അജ്‌മല്‍ റഹീമിനെ തുണിക്കടയ്‌ക്ക്‌ അകത്ത് കയറി മര്‍ദ്ദിക്കുകയായിരുന്നു. റഹീമിന്റെ മുതുകിലും, ചെവിയുടെ ഭാഗത്തും അടിയേറ്റ് പരിക്കുകളുണ്ട്. അക്രമികള്‍ കടയിലെ ഗ്ളാസ് മേശ തകര്‍ക്കുകയും, ഡ്രസുകള്‍ വലിച്ചെറിയുകയും ചെയ്‌തു.

ബഹളം കേട്ട് ആളുകളെത്തിയപ്പോഴേക്കും പ്രതികള്‍ സ്‌ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. റഹീമിന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടനെ പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started