ന്യൂനമര്‍ദ്ദം ഗുലാബ് ചുഴലിക്കാറ്റായി; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്നലെ രൂപപ്പെട്ട ന്യൂനമര്‍ദം അതിവേഗം ശക്തിപ്പെട്ട് ഗുലാബ് ചുഴലിക്കാറ്റായി. യു.എസ് ഏജന്‍സികള്‍ ചുഴലിക്കാറ്റ് രൂപപ്പെട്ട വിവരം സ്ഥിരീകരിച്ചു. എന്നാല്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ബുള്ളറ്റിന്‍ പ്രകാരം വൈകിട്ടോ രാത്രിയോ ഇത് ചുഴലിക്കാറ്റായി മാറും.

നിലവില്‍ ഒഡിഷയിലെ പരദ്വിപില്‍ നിന്ന് ഏകദേശം 344 കി.മി തെക്കുകിഴക്കും പുരിയില്‍ നിന്ന് 399 കി.മിഉം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. നാളെ വൈകിട്ടോ രാത്രിയോ ഇച്ചാപുരത്തിനും പുരിക്കും ഇടയില്‍ കരകയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാകിസ്താന്‍ നിര്‍ദേശിച്ച പനനീര്‍ പൂവ് എന്നര്‍ഥം വരുന്ന പേരാണ് ഗുലാബ്. അടുത്ത ചുഴലിക്കാറ്റ് ഖത്തര്‍ നിര്‍ദേശിച്ച ഷഹീന്‍ എന്ന പേരിലാകും അറിയപ്പെടുക.

തീവ്രചുഴലിക്കാറ്റാകില്ല, കനത്ത മഴക്ക് സാധ്യതചുഴലിക്കാറ്റിന് ഏകദേശം 320 കി.മി ലധികം കടലിലൂടെ സഞ്ചരിക്കേണ്ടതുണ്ടെങ്കിലും മേഖലയിലെ അന്തരീക്ഷസ്ഥിതി പ്രകാരം ഇത് ശക്തിപ്പെടില്ല. ചുഴലിക്കാറ്റിനെ സജീവമാക്കി നിലനിര്‍ത്താന്‍ കടലിന് കഴിയുമെന്നതിനാല്‍ ദുര്‍ബലമാകാതെ കരകയറാന്‍ സഹായിക്കും. എന്നാല്‍ അന്തരീക്ഷഘടകങ്ങള്‍ അനുകൂലമല്ലാത്തതിനാല്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തമാകില്ല എന്നു മാത്രം.

സെപ്റ്റംബറില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത് അപൂര്‍വമാണ്. 2000 ത്തിനു ശേഷം ഇത്തരത്തില്‍ രൂപപ്പെടുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ഗുലാബ്. നാളെ കരയറുമ്പോള്‍ മണിക്കൂറില്‍ 80-90 കി.മി വേഗത്തില്‍ വരെ കാറ്റിന് ശക്തിയുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഒഡിഷ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയുണ്ടാകും.

ഭുവനേശ്വര്‍, കട്ടക്, പുരി, ശ്രീകാകുളം, വിജയനഗരം, വിശാഖപട്ടണം, കിഴക്കന്‍ ഗോദാവരി, പടിഞ്ഞാറന്‍ ഗോദാവരി, ഗുണ്ടൂര്‍, കൃഷ്ണ മേഖലകളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ട്. കരകയറിയ ശേഷം മധ്യ ഇന്ത്യയിലുടനീളം ഗുലാബ് മഴ നല്‍കും. തുടര്‍ന്ന് അറബിക്കടലില്‍ പ്രവേശിച്ച്‌ വീണ്ടും ശക്തിപ്പെട്ട് പാകിസ്താന്‍ തീരം ലക്ഷ്യമാക്കി നീങ്ങും.

കേരളത്തിലെ മഴ സാധ്യതഗുലാബ് ചുഴലിക്കാറ്റ് കാലവര്‍ഷക്കാറ്റിനെ ശക്തിപ്പെടുത്തുന്നതിനാല്‍ ഞായറാഴ്ച മുതല്‍ കേരളത്തില്‍ മഴക്ക് വഴിയൊരുക്കും. അടുത്ത 12 മണിക്കൂറില്‍ എറണാകുളം മുതല്‍ തെക്കോട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. നാളെ രാത്രി മുതല്‍ ഈ ജില്ലകളില്‍ കൂടുതല്‍ മഴ ലഭിക്കും.
തിങ്കള്‍, ചൊവ്വ കൂടുതല്‍ മഴ സാധ്യതതിങ്കളാഴ്ച കേരളത്തില്‍ മിക്ക ജില്ലകളിലും മഴക്ക് അനുകൂല സാഹചര്യമുണ്ടാകും. ഇടുക്കി, പത്തനംതിട്ട, കൊല്ലം, എറണാകുളം ജില്ലകളുടെ കിഴക്കന്‍ മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം.

തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഇടവേളകളോടെ ഇടത്തരം മഴക്ക് സാധ്യത. കാസര്‍കോട്, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട ചാറ്റല്‍മഴയോ ഇടത്തരം മഴയോ പ്രതീക്ഷിക്കാം. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലര്‍ച്ചെയുമായി ഇടുക്കി, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കൊല്ലം, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളുടെ കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴക്ക് സാധ്യത. തിങ്കളാഴ്ച രാത്രി പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായതോ ഇടത്തരമോ ആയ മഴ ലഭിക്കും. കാസര്‍കോട് സാധാരണ മഴ മാത്രം. ചൊവ്വാഴ്ചയും സമാന രീതിയില്‍ മഴ പ്രതീക്ഷിക്കണം. ബുധന്‍ മുതല്‍ മഴ കുറയും.

Navigation

About

Writing on the Wall is a newsletter for freelance writers seeking inspiration, advice, and support on their creative journey.

Design a site like this with WordPress.com
Get started