കൊടി സുനി ജയില്‍ സൂപ്രണ്ട്, കൊലക്കേസ് പ്രതികള്‍ക്ക് ജയില്‍ സുഖവാസകേന്ദ്രങ്ങളാകുന്നു: കെ.സുധാകരന്‍

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടിസുനി ജയിലില്‍ ഫോണ്‍വിളിച്ചുവെന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച്‌ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.

കണ്ണൂര്‍ ജയിലില്‍ സൂപ്രണ്ട് കൊടി സുനിയാണ്. ഇടതുപക്ഷത്തിന്റെ ഭരണത്തില്‍ ക്രിമിനലുകള്‍ സുഖശീതളച്ഛായയിലാണ് താമസം. ജയില്‍ ഒരു സുഖവാസ കേന്ദ്രമാണ്. ഇത് അഭിമാനബോധമുള്ളവരോട് പറഞ്ഞാലെ കാര്യമുള്ളു. ആളുകളും പ്രസ്ഥാനങ്ങളും പത്രങ്ങളൊക്കെ ആരോപണം ഉന്നയിക്കുമ്പോള്‍ അത് കേട്ടില്ലെന്ന ഭാവത്തില്‍ പോകുന്ന അന്ധരും ബധിരരുമായ കേരളത്തിെല ഭരണാധികാരികളോട് ഇനി പറഞ്ഞിട്ട് കാര്യമില്ല.

അവരുടെ ഒത്താശയോടെയാണ് ഇത് നടക്കുന്നത്. അവരാണ് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നത്. അവരോട് പരാതിപ്പെട്ടിട്ട് എന്തുകാര്യം. സത്യത്തില്‍, ഈ സംഭവത്തില്‍ എന്തെങ്കിലും ലജ്ജാബോധമുണ്ടെങ്കില്‍ മുഖ്യമന്ത്രി പ്രതികരിക്കണ്ടെ? ഒരു നടപടി എടുക്കേണ്ടെ? -കെ.സുധാകരന്‍ കണ്ണൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ആഭ്യന്തരവകുപ്പ് കൈയാളുന്ന മുഖ്യമ്രന്തിക്കെതിരെ ഇത്രയും ഗുരുതരമായ ആരോപണം രാഷ്ട്രീയ നേതാക്കളും പാര്‍ട്ടികളും സമൂഹത്തിലും ഉയര്‍ന്നുവന്നപ്പോഴും നിശബ്ദത പാലിക്കുന്ന മുഖ്യമന്ത്രിയെ കുറിച്ച്‌ എന്തു പറയാനാണ്. തന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച്‌ മാത്രമേ അദ്ദേഹം പ്രതികരിക്കൂ. പ്രതികരിക്കേണ്ട എന്ന് തീരുമാനിച്ചാല്‍ അന്ന് പ്രതികരിക്കില്ല. അത് ജനാധിപത്യ സംവിധാനത്തില്‍ ആദരിക്കപ്പെടേണ്ട യോഗ്യതയാണെന്ന അഭിപ്രായം തനിക്കില്ല.

തടവുകാര്‍ സര്‍ക്കാരിന്റെ അതിഥികളായി തീറ്റിപ്പോറ്റുന്നത് ശരിയാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണം. മാധ്യമങ്ങള്‍ ഇത്രയും ഗുരുതര ആരോപണം ഉയര്‍ത്തിക്കാണിച്ചിട്ടും അതിനോട് പ്രതികരിക്കാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഇതിനെതിരെ ജനരോഷം ഉയരണം, പ്രതിഷേധം ആളിക്കത്തണം. അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രതിഷേധം ഉയരണം.

Create your website with WordPress.com
Get started
%d bloggers like this: