അഴീക്കലില്‍ സുരക്ഷാസംവിധാനങ്ങള്‍ സജ്ജമാക്കാന്‍ നടപടി: തുറമുഖത്തിന് വേഗം

കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ഇതുസംബന്ധിച്ച്‌ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ക്ക് യോഗം നിര്‍ദേശം നല്‍കി. കപ്പല്‍ചാല്‍ ആഴംകൂട്ടുന്നതിനുള്ള ഡ്രഡ്ജിംഗ് തുടങ്ങുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഴം നാല് മീറ്റര്‍ ആക്കാനാണ് തീരുമാനം.

നാല് ലക്ഷം ക്യുബിക് മീറ്ററിലേറെ മണ്ണും മണലും നീക്കം ചെയ്യേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. നേരത്തെ ശേഖരിച്ച്‌ ഇവിടെ സൂക്ഷിച്ചിട്ടുള്ള മണല്‍ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. രണ്ടാഴ്ച കൊണ്ട് മണല്‍ നീക്കം ചെയ്യാനാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

ഇന്റര്‍നാഷണല്‍ ഷിപ്പ് ആന്‍ഡ് പോര്‍ട്ട് ഫെസിലിറ്റി സെക്യൂരിറ്റി (ഐ.എസ്.പി എസ്) യുടെയും മറ്റ് സുരക്ഷാ ഏജന്‍സികളുടെയും മാനദണ്ഡപ്രകാരം സുരക്ഷാ സംവിധാനങ്ങളും ഉപകരണങ്ങളും സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. തുറമുഖത്തെ അതീവ സുരക്ഷാ മേഖലയാക്കി മാറ്റുന്നതിന്റെ ഭാഗമായി ആവശ്യമായ സുരക്ഷാ ഉപകരണങ്ങള്‍, നിരീക്ഷണ സംവിധാനങ്ങള്‍, മറ്റ് ക്രമീകരണങ്ങള്‍ എന്നിവയാണ് ഒരുക്കേണ്ടത്.

പ്രവേശനം നിയന്ത്രിക്കുന്നതിന് പാസ്

ചുറ്റുമതില്‍, തുറമുഖത്തേക്കും പുറത്തേക്കും പോകാന്‍ കാവല്‍ സംവിധാനത്തോടെയുള്ള വെവ്വേറെ ഗേറ്റുകള്‍ തുടങ്ങിയവ സ്ഥാപിക്കും. പ്രവേശനം നിയന്ത്രിക്കുന്നതിന് പാസ് സംവിധാനം ഏര്‍പ്പെടുത്തും. സി.സി.ടി.വി കാമറകള്‍, തുറമുഖ ബെര്‍ത്തിന്റെ നാലുഭാഗവും ലൈറ്റുകള്‍, കണ്ടെയ്നറുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ ഗോഡൗണ്‍ സൗകര്യം, കസ്റ്റംസ്, ഇമിഗ്രേഷന്‍ ഓഫിസിനുള്ള സൗകര്യം തുടങ്ങിയവയും ഇവിടെ ഏര്‍പ്പെടുത്തും. ആയിരം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ ഒരു ഗോഡൗണ്‍ ആണ് ആദ്യഘട്ടത്തില്‍ നിര്‍മിക്കുന്നത്. ഇതിന് നബാര്‍ഡ് സഹായത്തോടെയുള്ള പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കണ്ടെയ്നറുകളുടെ കസ്റ്റംസ് പരിശോധനക്ക് റാമ്പ് സംവിധാനവും സജ്ജമാക്കണം.

മേഖലാ പോര്‍ട്ട് ഓഫീസ് ഉടന്‍

കെ .വി സുമേഷ് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി .ജെ മാത്യു, ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ എച്ച്‌ .ദിനേശ് എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ മേഖലാ പോര്‍ട്ട് ഓഫീസ് ഉടന്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള തീരുമാനവും എടുത്തു. ജില്ലാ കളക്ടര്‍ എസ് .ചന്ദ്രശേഖര്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രദീഷ് കെ. ജി നായര്‍, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ ഹരി അച്യുത വാര്യര്‍, കസ്റ്റംസ് അസി. കമ്മിഷണര്‍ ഇ വികാസ്, പഞ്ചായത്ത് പ്രസിഡന്റ് കെ .അജീഷ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Create your website with WordPress.com
Get started
%d bloggers like this: