സ്കൂള്‍ തുറന്നാല്‍ ആദ്യ ആഴ്ചകളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ക്ലാസ്; പഠനസമയം കൂട്ടുക ഘട്ടംഘട്ടമായി മാത്രം

തിരുവനന്തപുരം: നവംബര്‍ ഒന്നിന് സ്കൂള്‍ തുറന്നാലും ആദ്യ ആഴ്ചകളില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ മാത്രം ക്ലാസ് മതിയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ ആലോചന. ക്ലാസ് തുടങ്ങിയ ശേഷമുള്ള സ്ഥിതി കൂടി വിലയിരുത്തി ഘട്ടംഘട്ടമായി സമയദൈര്‍ഘ്യം കൂട്ടാനാണ് ശ്രമം. പ്ലസ് വണ്‍ പരീക്ഷക്കും പ്ലസ് വണ്‍ പ്രവേശന നടപടികള്‍ക്കും ഇടയില്‍ സ്കൂള്‍ തുറക്കുന്നത് അധ്യാപകര്‍ക്ക് വെല്ലുവിളിയാണ്.

കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലാണെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും വിദ്യാഭ്യാസവകുപ്പിന്റെ ആശങ്ക കൂടുതലും പ്രൈമറി ക്ലാസിലെ കൂട്ടികളുടെ കാര്യത്തിലാണ്. വാക്സീന്‍ ആയിട്ടില്ല. മുഴുവന്‍ സമയവും മാസ്ക് ഇടുമോ എന്ന് ഉറപ്പില്ല, കളിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമൊക്കെ കുഞ്ഞുങ്ങള്‍ക്കിടയിലെ സാമൂഹ്യ അകലമെല്ലാം പ്രശ്നമാണ്. പ്രൈമറി മുതല്‍ മേലോട്ടുള്ള ക്ലാസുകളില്‍ മുഴുവന്‍ പിരീയഡും ക്ലാസ് ആദ്യഘട്ടത്തില്‍ വേണ്ട എന്നതാണ് ഇപ്പോഴത്തെ ആലോചന. ഷിഫ്റ്റ്, പീരിയഡ്, യാത്രാ സൗകര്യം എല്ലാറ്റിലും വിശദമായ ചര്‍ച്ചക്ക് ശേഷമാകും അന്തിമതീരുമാനം.

വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധ മുഴുവന്‍ പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പിലായിരിക്കെയാണ് ക്ലാസ് തുറക്കുന്നത്. 23 മുതല്‍ അടുത്ത മാസം വരെയാണ് പ്ലസ് വണ്‍ പരീക്ഷ. സുപ്രീം കോടതിയുടെ കര്‍ശന നിരീക്ഷണമുള്ളതിനാല്‍ ഒരു വീഴ്ചയും ഇല്ലാതെ പരീക്ഷ നടത്തണം. ഈ മാസം 22 ന് പ്ലസ് വണ്ണിന്റെ ആദ്യ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിക്കും. പരീക്ഷക്കൊപ്പം പ്രവേശന നടപടികളും തുടങ്ങേണ്ടിവരും.

സ്കൂളുകള്‍ വൃത്തിയാക്കുന്നതിലടക്കം രാഷ്ട്രീയപ്പാര്‍ട്ടികളുടേയും സന്നദ്ധസംഘടനകളുടേയും സഹായം ഉറപ്പാക്കാനാണ് ശ്രമം. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും സ്കൂള്‍ തലത്തിലും വിവിധ വിഭാഗങ്ങളുമായി കൂടിയാലോചന നടത്തിയാകും സ്കൂള്‍ തുറക്കല്‍.

Create your website with WordPress.com
Get started
%d bloggers like this: