‘വിവാദങ്ങളില്‍നിന്ന് എല്ലാവരും പിന്‍വാങ്ങണം’; ഈഴവ സമൂഹത്തോട് ഖേദം പ്രകടിപ്പിച്ച്‌ ഫാ. റോയ് കണ്ണന്‍ചിറ

കോട്ടയം: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ പ്രണയിച്ച്‌ തട്ടിക്കൊണ്ടുപോകാന്‍ ഈഴവ ചെറുപ്പക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുവെന്ന ആരോപണവുമായി രംഗത്തുവന്ന ‘കുട്ടികളുടെ ദീപിക’ ചീഫ് എഡിറ്ററും ദീപിക ബാലസഖ്യം ഡയറക്ടറുമായ ഫാ. റോയ് കണ്ണന്‍ചിറ മാപ്പ് പറഞ്ഞു. ‘ഷെക്കെയ്‌ന’ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്ത വിഡിയോയിലാണ് ഇദ്ദേഹം ഈഴവ സമൂഹത്തോട് ഖേദം പ്രകടിപ്പിച്ചത്. എന്‍റെ വാക്ക് മൂലം ആര്‍ക്കൊക്കെ വേദനയുണ്ടായോ അവരോടെല്ലാം ഞാന്‍ മാപ്പു ചോദിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

‘എന്‍റെ പരാമര്‍ശം കൊണ്ട് കേരളത്തിലെ മതേതര സങ്കല്‍പ്പത്തെയും സ്‌നേഹ സന്തോഷ ജന്യമായ സമൂഹ നിര്‍മിതിയെയും തടസ്സപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഭദ്രമായ കുടുംബമാണ് ഭദ്രമായ സമൂഹത്തിന് അടിത്തറ പാകുന്നതെന്നാണ് കത്തോലിക്ക സഭ പഠിപ്പിക്കുന്നതെന്നും ഭദ്രമായ സമൂഹമാണ് രാഷ്​ട്ര നിര്‍മിതിക്ക് ഏറെ സഹായകരമാകുന്നതെന്നും അതിനാല്‍ രാജ്യത്തിന് ഉപകാരമുള്ളവരായി മാറാന്‍ മക്കളെ ഉപദേശിക്കണമെന്നുമാണ് എന്‍റെ പ്രസ്താവനയുടെ ഉദ്ദേശ്യം.

പല മാതാപിതാക്കളും മക്കള്‍ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു വൈദികരായ തങ്ങളുടെ അടുക്കല്‍ വന്ന് കരയാറുണ്ട്. അതുകൊണ്ടാണ് വളര്‍ന്നുവരുന്ന തലമുറക്ക് കുടുംബ ഭദ്രത ഉറപ്പുവരുത്താന്‍ വിശ്വാസ ഭദ്രത വേണമെന്ന് കത്തോലിക്ക സഭയിലെ മതാധ്യാപകരെ പഠിപ്പിച്ചത്. ഈ സാഹചര്യത്തിലാണ് ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമര്‍ശം ഉണ്ടായത്​. മതാധ്യാപകരോട് സംസാരിച്ച പ്രസംഗത്തിന്‍റെ ക്ലിപ്പ്​ പുറത്തുവന്നപ്പോള്‍ പലര്‍ക്കും വേദനയുണ്ടായി. അതില്‍ വളരെ ഖേദിക്കുന്നു. തന്‍റെ പ്രസ്താവന മൂലമുണ്ടായ വിവാദങ്ങളില്‍നിന്ന് എല്ലാവരും പിന്‍വാങ്ങണം’ -അദ്ദേഹം വിഡിയോയില്‍ പറഞ്ഞു.

ഒരു മാസത്തിനിടെ കോട്ടയത്തെ സിറോ മലബാര്‍ ഇടവകയില്‍നിന്ന് ഒമ്പതു പെണ്‍കുട്ടികളെ പ്രണയിച്ചുകൊണ്ടുപോയത് ഈഴവരാണെന്നും ഇതിന് ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്കരിച്ച്‌ പരിശീലനം നല്‍കുന്നുണ്ടെന്നുമായിരുന്നു ഫാ. റോയ് കണ്ണന്‍ചിറ നേരത്തെ ആരോപിച്ചിരുന്നത്.

‘ശത്രുക്കളുടെ മുന്നൊരുക്കത്തി​െന്‍റ പത്തിലൊന്നുപോലും നമുക്ക്​ ഒരുക്കാന്‍ കഴിയുന്നില്ല. ലവ്​ ജിഹാദിനെക്കുറിച്ചും നാര്‍കോട്ടിക്​ ജിഹാദിനെക്കുറിച്ചും നമ്മള്‍ സംസാരിക്കുന്നുണ്ട്​. അതോടൊപ്പം മറ്റ്​ ഇതര കമ്യൂണിറ്റികളിലേക്കും നമ്മുടെ മക്കളെ ആകര്‍ഷിക്കാനുള്ള സ്​ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്​കരിച്ച്‌​ ചെറുപ്പക്കാ​രെ പരിശീലിപ്പിക്കുന്നുണ്ട്​ എന്ന വിവരം നമുക്ക്​ ലഭിച്ചിട്ടുണ്ട്​. ജാഗ്രത ഇല്ലാത്തവരായിരിക്കുന്നതാണ് നമ്മള്‍ നേരിടുന്ന വലിയൊരു പ്രതിസന്ധി.

പ്രണയം നടിച്ചും അല്ലാതെയും നമ്മുടെ മക്കളെ സ്വന്തമാക്കാന്‍ സഭയുടെ എതിര്‍പക്ഷത്ത് നില്‍ക്കുന്നവര്‍ ഒരുക്കുന്ന മുന്നൊരുക്കത്തിെന്‍റ പത്തിലൊന്നുപോലും, നമ്മുടെ മക്കളെ വിശ്വാസത്തില്‍ നിലനിര്‍ത്താനും നമ്മുടെ മക്കളെ മാതാപിതാക്കളോടൊപ്പം ചേര്‍ത്തുനിര്‍ത്തി കത്തോലിക്ക സമുദായ രൂപവത്കരണത്തിെന്‍റ ഭദ്രത ഉറപ്പ് വരുത്താനും ഇതിനുവേണ്ടി മാത്രം ജീവിതം സമര്‍പ്പിച്ചിരിക്കുന്ന മതാധ്യാപകര്‍ക്ക്, വൈദികര്‍ക്ക് കഴിയുന്നില്ല എന്നത് ഈ വര്‍ത്തമാനകാലത്ത് കത്തോലിക്ക സഭ നേരിടുന്ന വലിയ പ്രതിസന്ധിയാണ്’ -അദ്ദേഹം പറഞ്ഞു. പ്രസ്താവനക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ക്ഷമാപണവുമായി രംഗത്തുവന്നത്.

2003 മുതല്‍ ദീപിക ബാലസഖ്യം ഡയറക്ടറാണ് ഫാ. റോയ്​ കണ്ണന്‍ചിറ. കൊച്ചേട്ടന്‍ എന്ന പേരില്‍ കുട്ടികളോട് സംവദിക്കുന്ന പംക്തി ദീപികയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ചില്‍ഡ്രന്‍സ് ഡൈജസ്​റ്റ്​ ഇംഗ്ലീഷ് മാസിക അസോ. എഡിറ്റര്‍ ചുമതലയും വഹിക്കുന്നു.